സ്വപ്‌നങ്ങള്‍ ഒരുപാടുണ്ടായിരുന്നു ആദ്യമായ് ഇവിടെക്ക് വരുമ്പോള്‍.......,സ്വയം തിരിച്ചറിഞ്ഞതിന്റെ സന്തോഷം...ഇന്നോര്‍ക്കുമ്പോള്‍ നഷ്ടബോധം തോനുന്നു. സ്വയം നഷ്ടപ്പെട്ടതിന്റെ ദുഖമോ?? അറിയില്ല... ഈ നഗരത്തിന്റെ ഹൃദയത്തില്‍ ഇരുന്നു എത്രയോ കാലം മുന്‍പേ എനിക്ക് ഈ തിരിച്ചറിവ് ഉണ്ടാകാമായിരുന്നു എന്ന് തോന്നി പോകുന്നു... വഴി മാറി ഒഴുകാന്‍ തയാറാവാത്ത വിധം എന്റെ ജീവിതം ഒരു ചാലിലുടെ ഒഴുകുകയാണ്. ഒരുപാട് സന്തോഷം എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ എത്രയോ കാലത്തിനു ശേഷം ഇന്ന് നിന്റെ കത്ത് എന്നെ തേടി എത്തിയപ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു നമ്മള്‍ ഒരുമിച്ച് നടന്ന ആ വഴിയോരങ്ങളും,സായാഹ്നം ചിലവഴിച്ച ലൈബ്രറിയും, ആ ക്ലാസ് മുറിയും,കലാലയവും.. എല്ലാം എന്റെ കഴിഞ്ഞ ജന്മത്തിന്റെ അവശേഷിപ്പുകളായ് തോന്നി .
ഇന്ന് അടുക്കളയിലെ പാത്രങ്ങളുടെ ചിലമ്പലും,മകന്റെ കളി ചിരിയും,മാസ ബജറ്റ് കൂട്ടി മുട്ടിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവും,ഓഫീസില്‍ എന്നെ കാത്തിരിക്കുന്ന ഫയലുകളും ഒക്കെയാണ് ജീവിതത്തിന്റെ ഒഴുക്ക് നിശ്ചയിക്കുന്നത്. നിന്റെ കത്തിലെ അവസാന വരികള്‍ക്ക് വേണ്ടി ഞാന്‍ ഒരുപാട് കാലം കാത്തിരുന്നിരുന്നു.
പക്ഷെ ഇപ്പോള്‍.......,വേണ്ട.. ഒക്കെ പഴയ സ്വപ്നങ്ങളായി നമുക്ക് മറക്കാം... ഏറ്റവും മനോഹരമായ സ്വപ്നം. പണ്ട് നീ ഫെമിനിസ്റ്റ് എന്ന് വിശേഷിപിച്ചിരുന്ന ഞാന്‍ ഇന്ന് എല്ലാ അര്‍ത്ഥത്തിലും ഒരു യന്ത്രമാണ്. അടുക്കളയിലും ഓഫീസിലുമായ് പ്രവര്‍ത്തിക്കുന്ന യന്ത്രം. നിന്റെ മനസിലെ ആ പഴയ പെണ്‍കുട്ടി ആവാന്‍ ഇനി എനിക്ക് പറ്റില്ല . ഒരുപാട് കാലത്തിനു ശേഷം നിന്റെ കത്ത് കണ്ടപ്പോള്‍ അല്‍പ്പ നേരമെങ്കിലും ഞാന്‍ എന്റെ പഴയ കാലത്തേക്ക് പോയി.. എങ്കിലും ഒന്ന് കൂടി പറഞ്ഞു കൊള്ളട്ടെ,ഒരിക്കല്‍ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു. ഒരുപാട് കാലം കാത്തിരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഒരു പെണ്ണല്ലേ മകളായും,സഹോദരിയായും,കാമുകിയായും,ഭാര്യയായും,അമ്മയായും അഭിനയിക്കാന്‍ വിധിക്കപ്പെട്ട പെണ്ണ്‍ ...എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച,സ്നേഹം എന്താണെന്നു പഠിപ്പിച്ച,എപ്പോഴൊക്കെയോ ജീവിതത്തിനു അര്‍ഥം നല്‍കിയ നിന്നെ മറക്കാന്‍ എനിക്കാവില്ല... പക്ഷെ ജീവിക്കാന്‍ കൂടെ വരൂ എന്ന് നീ എന്നോട് പറയരുത്. പകരം നമ്മുക്ക് നല്‍കിയ വേഷങ്ങള്‍ നമുക്ക് അഭിനയിച്ചു തീര്‍ക്കാം....