Tuesday, 18 December 2012

അക്ഷരങ്ങളും അക്കങ്ങളും മാത്രമായിരുന്നു 
നമ്മുക്കിടയിലെ ദൂരം.
നീ അക്കങ്ങള്‍ കൊണ്ട് സ്നേഹം അളന്നപ്പോള്‍ 
ഞാന്‍ അക്ഷരങ്ങള്‍ കൊണ്ടത്‌ പെരുപ്പിച്ചു.
മടുത്തു......

അഞ്ചക്ക ശമ്പളവും,ആഡംബര കാറും,ഇംഗ്ലീഷ് അക്ഷരങ്ങളും 
ചിത്രം വരയ്ക്കുന്ന ഇവിടം വിട്ടു നമ്മുക്ക് പോയാലോ???
സദാചാരത്തിന്റെ കണ്ണുകള്‍ക്ക് വരാന്‍ പറ്റാവുന്നതിലും അകലെ...

അവിടെ സ്വര്‍ഗത്തിലെ പൂന്തോപ്പില്‍ ഒഴിവുണ്ടത്രേ
അവിടെ വെച്ച് അളവ്കോലുകള്‍ ഇല്ലാത്ത,
സെല്‍ ഫോണിന്റെ ഇരമ്പല്‍ ഇല്ലാത്ത
പ്രണയം നമുക്ക് കൈ മാറാം .

വരൂ...
തെറ്റി പോയ അക്ഷരങ്ങളും അക്കങ്ങളും
ചികഞ്ഞെടുക്കാന്‍ നമുക്ക് സമയമില്ല
ഇരുപത്തിയൊന്നാം തീയതി ലോകം അവസാനിക്കുമത്രെ !!!!!

Tuesday, 25 September 2012

എന്റെ പ്രണയം ആരോടാണ്. ഈ നഗരത്തോടോ??? ഈ ഇരുട്ടിനോടോ??? അതോ... ?????????

 തലസ്ഥാന നഗരത്തിലെ ആദ്യ ദിനങ്ങള്‍ എന്നെ സംബന്ധിച്ച് അങ്ങേയറ്റം വേദനാ ജനകമായിരുന്നു. അന്നൊക്കെ എന്‍റെ പ്രിയ സുഹൃത്ത്‌ എനെറ്റ് മുറിയിലെ ഇരുട്ടായിരുന്നു. ഞാന്‍ ഏറവും ഇഷ്ടപ്പെട്ടതാവട്ടെ താമസ സ്ഥലത്ത് നിന്നും കോളേജിലേക്കും തിരിച്ചും ഉള്ള യാത്രകളും. മാസത്തില്‍ ഒന്നോ രണ്ടോ തവണ കോച്ചിംഗ് സെന്റെറില്‍ നിന്ന് തീവണ്ടി പിടിക്കാനുള്ള യാത്രയും എനിക്കെ പ്രിയപെട്ടതയിരുന്നു. പിന്നീടു ആഴ്ചയുടെ ആദ്യ ദിവസം, തലസ്ഥാന നഗരം ഉണരുന്നതിനു മുന്‍പ് അവിടെ എത്താനുള്ള യാത്രയും... ഉറക്കത്തില്‍ മുങ്ങിയ കമ്പാര്‍ട്ട് മെന്റില്‍ എനിക്ക് കൂട്ടായ് ഉണ്ടായതും ആ ഇരുട്ട് തന്നെയായിരുന്നു. അത് ഞങ്ങള്‍ക്കിടയിലെ പ്രണയം കൂട്ടി. പതിയെ ആ 5 രൂപ പൊയന്റിനും അപ്പുറമുള്ള നഗര കാഴ്ചകളിലേക്ക് ഞാന്‍ എത്തി... ഇതിനിടയില്‍ എപ്പോഴോ ആ ക്യാമ്പസും എനെറ്റ് പ്രിയപ്പെട്ടതായ് . ഞൊടിയിടെ സംഭവിച്ച അത്ഭുത പ്രതിഭാസം ആയിരുന്നു അത്. പെട്ടന്നോരുനാള്‍ മുതല്‍ ഞാന്‍ ആ കാമ്പസിന്റെ സ്പന്ധനത്തിനു ഒത്തു മിടിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഈ നഗരത്തിലേക്ക് എന്നെ പൂര്‍ണമായും പറിച്ചു നട്ട് ഒരു വീട് മാറല്‍/.... .......

ആദ്യമൊന്നും പൊരുത്തപെടാന്‍ കഴിഞ്ഞിരുനില്ല .. പക്ഷെ രാത്രിയില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ എന്നെ തേടിയെത്തിയ നക്ഷത്രങ്ങളും,തണുത്ത കാറ്റും .. പിന്നീടു മഴയെയും,മഴമേഖങ്ങളെയും ഞാന്‍ പരിചയപ്പെട്ട രാവുകളും ഈ വീടിനെ സ്നേഹിക്കാതിരിക്കുന്നതില്‍ നിന്നെന്നെ പിന്തിരിപ്പിച്ചു. ക്യാംപസിലെ മുഖങ്ങള്‍ക്കൊപ്പം ഈ നഗരത്തിന്റെ തിരക്കും,അപരിചിത മുഖങ്ങളും,ഭാഷയും ഒക്കെ എനിക്ക് പ്രിയപ്പെട്ടതായ്. മ്യുസിയത്തിലെ പുല്‍ തകിടുകലേക്കാള്‍ എനിക്കിഷ്ടം നഗരത്തിന്റെ തിരക്കുകളിലൂടെ നടക്കുന്നതയിരുന്നു. അത് എന്‍റെ സഹയാത്രികരുടെ സാമിപ്യം കൊണ്ടാണോ എന്നും എനിക്കറിയില്ല. 

ഒരു വര്‍ഷത്തില്‍ എനിക്ക് സംഭവിച്ച മാറ്റത്തില്‍ ഏറ്റവും പ്രധാനം ഒറ്റയ്ക്ക് യാത്ര ചെയ്യുവാന്‍ ലഭിച്ച ധൈര്യമാണ്. രാത്രിയില്‍ ഈ നഗരത്തിലൂടെ യാത്ര ചെയ്യണം എന്ന ആഗ്രഹം രണ്ടു തവണയേ നടന്നുള്ളൂ. 6 പേരടങ്ങുന്ന സുഹൃത്ത് സംഘത്തോടൊപ്പം കനകക്കുന്നില്‍ ചിലവഴിച്ച രാത്രി മറക്കാന്‍ ആവില്ല. പിന്നീടു നാട്ടില്‍ ഒറ്റയ്ക്ക് പോകാന്‍ എന്നിലെ സാഹസിക പ്രേരിപ്പിച്ച രാത്രിയും. 7 മണിക്കുള്ള ട്രെയിനിനു വേണ്ടി കാത്തിരുന്നപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ ആകാശം ഞാന്‍ കണ്ടു. തുറിച്ചു നോട്ടങ്ങളുടെയും, low battery യുടെയും ഭീതിയില്‍, "you will be safe. Enjoy your freedom" എന്ന SMS ആയിരുന്നു. യാത്രകളെ സ്നേഹിക്കാന്‍,ചുറ്റും ഉള്ളവയെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ച സുഹൃത്ത് തന്നെയായിരുന്നു അത്. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ എനിക്ക് നഷ്ടമാവുന്നത് എന്താണെന്നു ഞാന്‍ അറിഞ്ഞു. 
കടല്‍ കാണുക എന്ന എന്‍റെ ആഗ്രഹം ഇപ്പോഴും നടന്നിട്ടില്ല. ഈ നഗരം സാഹസികയാക്കിയ എന്‍റെ ആഗ്രഹം പക്ഷെ ഈ നഗരത്തിലൂടെ രാത്രി നടക്കുക എന്നതാണ്. അതും യാത്രകളെ സ്നേഹിക്കുന്ന ഒരാളോടൊപ്പം...

നാടും വീടും ഗ്രിഹാതുരത്വമായ് മാറിയ ഒരു കുടിയേറ്റ കാരിയുടെ മനസാണ് ഇപ്പോഴെനിക്ക്‌....., . .....,സന്ധ്യക്ക്‌ ശേഷം സജീവമാകുന്ന തട്ടുകടകളും, മിന്നി കത്തുന്ന വിളക്കുകളും,വാഹന വ്യൂഹവും,കെട്ടിട സമുച്ചയങ്ങളും, മുദ്രാ വാക്യം വിളികളും,ക്യാമ്പസും,ക്യാമ്പസ് രാഷ്ട്രിയവും , സൗഹൃദവും,ഇപ്പോഴും പിടിതരാതെ നില്‍ക്കുന്ന അജ്ഞാതമായ പ്രണയവും ഒക്കെ ഒരു വര്‍ഷം കൊണ്ട് മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുന്നു. ഒരിക്കല്‍ ഞാന്‍ ഏറ്റവും വെറുത്ത ഈ തിരക്ക് എനിക്കിപ്പോള്‍ പ്രിയപ്പെട്ടതാണ്. ഈ നഗരം എനിക്ക് നല്‍കിയ അനുഭവങ്ങളും,സൗഹൃദവും,സഹോദരനും ഒക്കെ എന്നെ അവരില്‍ ഒരാള്‍ ആക്കി. മറ്റുള്ളവരെ ആകര്‍ഷിച്ചു തന്നിലേക്ക് ചേര്‍ത്ത് നിര്‍ത്താനുള്ള അത്ഭുത പൂര്‍ണമായ ഒരു ആകര്‍ഷണ ശക്തി ഈ നഗരത്തിനുണ്ട് . എന്റെ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞത് പോലെ "എല്ലാ നഗരങ്ങള്‍ക്കുമുണ്ട് ഒരു സൗന്ദര്യം, എവിടെയോ എന്തൊക്കെയോ ആയിരിക്കുന്ന ഒരാളെ തിരക്കിലൊഴുകുന്ന ഒരു തുള്ളിയക്കാന്‍ കഴിയുന്ന മാജിക്‌"" ഒന്നോര്‍ത്താല്‍ എത്ര ശരിയാണ് ... ശരിക്കും ഈ നഗരം ആരാണ്?? എന്താണ്?? ഞാന്‍ പ്രണയിച്ച നഗരമേ....എന്‍റെ പ്രിയ അന്ധകാരമേ.. എന്നെ നിങ്ങളില്‍ ഒരാളാക്കിയ സൌഹൃദങ്ങളെ... രക്ത ബന്ധം പോലെ ഉറച്ച സഹോദര ബന്ധം സമ്മാനിച്ചവരെ... ഈ തിരക്കുകള്‍ക്കും ഭംഗി ഉണ്ടെന്നു കാണിച്ചു തന്ന 'അഹങ്കാരി'(എന്ന് മറ്റുള്ളവര്‍ പറയുന്ന) പ്രിയ സുഹൃത്തേ നന്ദി....... എന്‍റെ പ്രിയ നഗരമേ ഇനി എന്ത് അത്ഭുതമാണ് നീ എനിക്കായ് കരുതി വെച്ചിരിക്കുന്നത് ??????

Monday, 28 May 2012

എന്‍റെ വാക്കുകളുടെയല്ല,നിശബ്ദതയുടെ 
അര്‍ഥം മനസിലാക്കാന്‍ ശ്രമിക്കു 
കാഴ്ചകള്‍ക്കും അപ്പുറത്തെ കാണാ 
കാഴ്ച്ചകളിലെക്കിറങ്ങി   നോക്കു...
എന്നിട്ട് ഉറങ്ങി  കിടക്കുന്ന എന്‍റെ 
മനസിന്‍റെ അര്‍ഥം അറിയാന്‍ ശ്രമിക്കു
അവിടെ,അവിടെയാണ് 
നിന്നെ ഞാന്‍ കുടി ഇരുത്തിയിരിക്കുന്നത്  
അതറിഞ്ഞ ശേഷം പറയു
എന്താണ് ഞാന്‍ ചെയ്ത തെറ്റ്???

മഴ..

ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന ഈ 
ചാറ്റല്‍ മഴയുടെ കാമുകിയാവേണ്ട എനിക്ക്. 
ആര്‍ത്തലച്ചു വന്യമായ് പെയ്യുന്ന പെരുമഴയുടെ
വിപ്ലവകാരിയായാല്‍ മതി.
എല്ലാം കടപുഴകി ഒഴുകുമ്പോള്‍
സംഹാര രുദ്രയായ് നില്‍ക്കെ 
ആരും കാണാതെ എനിക്ക് കരയണം,നിനക്ക് വേണ്ടി,
ഇന്ന് പെയ്ത മഴയെ പോലെ ..........

ക്ഷണിക്കാതെ വന്ന അതിഥി.....

എനിക്ക് ക്ഷണം ഉണ്ടായിരുനില്ല
എങ്കിലും ഞാന്‍ അവിടേക്ക് ച്ചെന്നു
മുകളില്‍ വിരുന്നു പതിവ് പോലെ നടക്കുനുണ്ടായിരുന്നു
എന്നെ കണ്ടപ്പോള്‍ നിന്‍റെ മുഖത്തുണ്ടായ മാറ്റം ഞാന്‍ തിരിച്ചറിഞ്ഞു
എന്നിട്ടും നീ എന്നോട് ചോദിക്കുന്നു ഞാന്‍ ആരെന്നു???
എന്ത് മറുപടി പറയണം ഞാന്‍,
നിന്‍റെ എല്ലാം ആണ് ഞാന്‍ എന്നോ??
അതോ ക്ഷണിക്കാതെ വന്ന അതിഥി എന്നോ???

ഇവിടെ .... ഞാന്‍...

പോയ്‌ മറഞ്ഞ ആ ശിശിരം 
ഇനിയും വന്നിടുമോ???
ഇവിടെ ഓര്‍മ്മകള്‍ തന്‍ 
ഇലകള്‍ കൊഴിയുമ്പോള്‍
കാറ്റില്‍ എങ്ങോ പറന്നകലും 
നിനവുകള്‍,കനവുകള്‍ 
ചിതറി അകന്നിടുമോ???
നമ്മള്‍ ചിരിച്ചു കളിച്ചു 
നടന്നൊരാ കാലമതാ
കിളികള്‍ ആയ്‌ പറന്നു പോയ്‌.
മാനസം വിങ്ങി,ഈ പുഴയില്‍
എന്റെ കളിതോണി ഇടറിയോഴുകിയതും
നോക്കി നില്‍പ്പു ഞാന്‍.............

ഇതാ നിനക്ക് വേണ്ടി....

എവിടെ ആയിരുന്നു  തുടങ്ങിയത്???? ഓര്മയില്ല... തുടക്കവും  ഒടുക്കവുംഇല്ലാത്ത   യാത്രയുടെ  ഏതോ വഴിയില്‍ നിന്ന്  നീ വന്നെ കയറി എന്നത്മാത്രം  ഓര്മയുണ്ട്ആദ്യം നിനക്ക്  ഞാന്‍  നിന്റെ  ജീവനും  ആത്മാവുംഒക്കെയായിരുന്നുകോഫി ഷോപ്പില്‍  ഇരുണ്ട കോണില്‍ വെച്ചുള്ള സംസാരവും,ഒരുമിച്ചു സിനമ കാണുന്നതുംചുറ്റി തിരിയുന്നതും ആണ്പ്രണയം എന്നെ നീ കരുതി പോയെങ്കില്‍  എനിക്കൊന്നും പറയാനില്ല.കടപ്പാടുകളുടെ ചരടുകള്‍ ആണ് എനിക്ക്  ചുറ്റും എന്ന് പലവട്ടം പറഞ്ഞിട്ടുംനീ കേട്ടില്ലപിന്നെയും മോഹിച്ച  കളിപ്പാട്ടം കിട്ടിയ കുഞ്ഞിനെ പോലെ നീഅലഞ്ഞുഒടുവില്‍  ഞാന്‍   കടപ്പാടുകള്‍ നിറവേറ്റാന്‍ പോയപ്പോള്‍ നീഎന്താണ് പറഞ്ഞത് "ഞാന്‍  സ്വാര്തയാന്നു " എന്ന്.   എപ്പൊഴും  കൂടയുണ്ടാവുംഎന്ന് പറഞ്ഞതുംനിന്റെ  സ്വപ്നങ്ങള്‍ എന്റേത് കൂടിയല്ലേ എന്ന് മന്ത്രിച്ചതുംഒക്കെ  നിന്റെ വെറും വാക്കുകള്‍ മാത്രമായിരുന്നോ?  കാലമോഴുകുമ്പോള്‍  ഇരുണ്ട മുറ്റത്തിരുന്നു  ഞാന്‍ എന്റെ നക്ഷത്രങ്ങളെ തേടിഅവയില്‍ അലിഞ്ഞു ഇല്ലാതായ എന്റെ   കിനാവുകള്‍  തിരഞ്ഞു...  ഇവിടെ  ഇപ്പോള്‍ ഞാന്തനിച്ചാണ്പക്ഷെ എനിക്ക് ചുറ്റും എല്ലാം പഴയത് പോലെ തന്നെയുണ്ട്‌.  നമ്മള്‍  എസ് എം എസ് കള്‍  അയച്ച  മഞ്ഞു മൂടിയ പുലര്ക്കാലവുംഒരുമിച്ച് നടന്നുപോയിരുന്ന  വസന്ത കാല രാത്രികളുംകോഫി ഷോപ്പും എല്ലാം അതെപോലുണ്ട്.  ഒഴുക്ക് നിലച്ച നദി പോലെ  ഞാന്‍  ഇവിടെ എല്ലാ കടപ്പാടുകളുംനിറവേറ്റി ഒടുവില്‍ തനിച്ചു നില്ക്കുന്നുവൈകി പോയെന്നു അറിയാംഎങ്കിലും പറഞ്ഞോട്ടെ , അന്ന് നീ തകര്ര്തെരിഞ്ഞത്  എന്റെ   ഏതു  സ്വപ്നംആയിരുന്നു എന്ന് അറിയുമോ?? അത് നീ ആയിരുന്നു.  നീ അവശേഷിപ്പിച്ച ശൂന്യത  ഇല്ലാതാക്കിയത് നിന്നെ പറ്റിയുള്ള എന്റെ സ്വപ്നങ്ങളായിരുന്നു.പറയാന്‍ ഒരുപാട് ഞാന്‍ നേടി എങ്കിലും ഞാന്‍ തോറ്റു പോയ്‌ . ഒരു പെണ്ണിന്റെതോല്വി അവള്‍ തന്നെ സമര്പ്പിച്ച പുരുഷന്‍ തന്നെയാണ്.  അതെ എന്റെ തോല്വിയും ജയവും നീ തന്നെയായിരുന്നുഇതാഇവിടെ എന്റെ  ചിതയിലെകനലുകള്‍ നിനക്ക് പറഞ്ഞെ തരുന്നതും  നിന്നോട് എനിക്കുള്ള സ്നേഹംതന്നെയാന്നുനിന്റെ ഓര്മകള്ക്ക് മുന്പില്‍,സ്നേഹത്തിന്റെ മുന്പില്സമര്പ്പിക്കുന്നു  വാക്കുകളും കടമെടുത്ത എന്റെ  ജന്മവും......

മറന്നു പോയ മുഖങ്ങള്‍ക്കായ്...

ജീവിതത്തെ  യാത്രയോടുപമിക്കുക പതിവാണ്. യാത്രയില്‍ കാഴ്ചകള്‍ മാറി മാറി വരും. അത് പോലെയാണ് ബന്ധങ്ങളും.  നാമറിയാതെ നമ്മിലെക്കെത്തി ചേരുന്ന ബന്ധങ്ങള്‍. ചേര്‍ക്കാന്‍ മറക്കുന്ന പലതും നമ്മെ കൂട്ടി ചേര്‍ക്കുന്ന രക്ത ബന്ധങ്ങള്‍. വിധി രക്ത ബന്ധത്തില്‍ കൂട്ടി ചേര്‍ക്കാന്‍ മറക്കുന്ന പല ബന്ധങ്ങളും  കര്‍മ്മ ബന്ധമായ്‌ നമ്മിലേക്കെത്തി ചേരും. സ്നേഹമെന്നോ,സൌഹൃദമെന്നോ,പ്രണയമെന്നോ  പേരിട്ടു നാം അതിന്നെ വിളിക്കും. എത്രയോ ഋതുക്കള്‍ നമ്മെ തഴുകി അകന്നു പോകുന്നു. ഋതുക്കളുടെ മാറ്റത്തിനനുസരിച്ച് പല ബന്ധങ്ങളും മാറി വരുന്നു. വേനലില്‍ കുളിര്‍ മഴയായ് ആത്മാവിലെക്കെത്തിയ ബന്ധങ്ങള്‍,മഴയെ സ്നേഹിക്കാന്‍ പ്രേരിപ്പിച്ച ബന്ധങ്ങള്‍,ശിശിരത്തില്‍ കൊഴിഞ്ഞു പോകുന്ന പൂക്കള്‍ പോലെ ഇല്ലാതായ്‌ പോകുന്ന ബന്ധങ്ങള്‍..... അങ്ങനെ എത്രയെത്ര മാറ്റങ്ങള്‍ നാമറിയാതെ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ചില ബന്ധങ്ങളുടെ നില നില്‍പ്പിനു ഒരു ചിരിയോ ഒരു വാക്കോ മാത്രം മതി. മറ്റു ചിലവയുടെ അടിസ്ഥാനം എസ് എം എസുകളുടെ  എന്നമാവം.  അത് കുറയുന്തോറും ആ ബന്ധങ്ങള്‍ നഷ്ടപെട്ടെക്കാം. ഒരു മരത്തിലെ എല്ലാ ഇലകളും കൊഴിഞ്ഞു പോയാലും വിട്ടു പോകാന്‍ മടിക്കുന്ന ഒന്നോ രണ്ടോ ഇലകളും പൂക്കളും ഉണ്ടാവാറുണ്ട്. അത് പോലെ എല്ലാ കാലത്തും ജീവിക്കാന്‍ പ്രതീക്ഷ തരുന്ന ചില ബന്ധങ്ങള്‍ ഉണ്ടാവും. അവയ്ക്ക് പ്രത്യേകിച്ച് ഒരു പേര് നല്‍കാനോ നിര്‍വചിക്കാനോ കഴിയാറില്ല. ഒന്നോര്‍ത്താല്‍ എല്ലാവരുടെയും ജീവിതത്തില്‍ അത്തരം ബന്ധങ്ങള്‍ പലകാലത്തും ഉണ്ടായിട്ടില്ലേ??? എത്ര കാലം പിന്നിട്ടാലും കൂടയില്ലെങ്കില്‍ പോലും ഒരു പ്രതീക്ഷ പോലെ നമ്മിലെക്കെത്തി ചേരുന്ന മുഖങ്ങള്‍. എവിടേയോ നാമറിയാതെ നാം തന്നെ കൈ വിട്ടു കളഞ്ഞവ,അല്ലെങ്കില്‍ നമ്മെ വിട്ടു പോയവ. എന്നോ ഒരിക്കല്‍ നമ്മെ ചിരിക്കാന്‍ പ്രേരിപ്പിച്ചവ,നമ്മുടെ കണ്ണീര്‍ തുടച്ചു മാറ്റിയവ,ജീവിക്കാനുള്ള പ്രതീക്ഷയായ് നിലനിന്നവ..... സ്നേഹവും സൌഹൃദവും കൂടി ചേര്‍ന്ന് എന്റെ ജീവിതത്തിലെ പ്രതീക്ഷയായ ആ പേരറിയാത്ത ബന്ധങ്ങള്‍ക്കായ് ഈ വാക്കുകള്‍ സമര്‍പ്പിക്കുന്നു. ഈ തിരക്കിട്ട ജീവിത  നിമിഷങ്ങള്‍ മാറ്റി വെച്ച് കുറച്ചു നേരം  നിങ്ങളും ചിന്തിച്ചു നോക്കു പല മുഖങ്ങളും നിങ്ങളുടെ മനസിലേക്കെത്തും. ആ നിമിഷം നിങ്ങള്‍ക്ക് നല്‍കുന്നത് ചിലപ്പോള്‍ ഓര്‍മകളുടെ ഒരു നനുത്ത പുഞ്ചിരിയാവാം,അല്ലെങ്കില്‍ ചിലപ്പോള്‍ നഷ്ടബോധത്തിന്റെ കണ്ണീരാവാം. എപ്പോഴെങ്കിലുമൊക്കെ ഇത്തരം നിമിഷങ്ങള്‍ ഉണ്ടാവുന്നത് നല്ലതാണ്. അവ നേടിയതിന്റെയും,നഷ്ടപ്പെട്ടതിന്റെയും ഒക്കെ തിരിച്ചറിവിന്റെ നിമിഷങ്ങളാണ്. ഇനി,ഓര്‍ത്തു നോക്കു മറന്നു പോയ ആ മുഖങ്ങള്‍ക്കായ്‌,പേരറിയാത്ത ബന്ധങ്ങള്‍ക്കായ്..........